അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെതിരെ രൂക്ഷ പരിഹാസവുമായി ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർണോൾഡ് ഷ്വാസ്നെഗർ. ട്രംപിന്റെ മുഖം മേശയിൽ ഇടിച്ചു പൊളിക്കണമെന്നും ട്രംപിനു പകരം താൻ പ്രസിഡന്റാകാമെന്നുമായിരുന്നു നടന്റെ പരിഹാസം. ഉടൻ പുറത്തിറങ്ങാൻ പോകുന്ന മെൻസ് ജേർണലിന്റെ ഹൈലൈറ്റ്സിലായിരുന്നു പരാമർശം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് സെലിബ്രിറ്റീസ് അപ്രന്റീസ് എന്ന ടിവി പരിപാടിയുടെ അവതാരകനായിരുന്നു ട്രംപ്. തിരഞ്ഞെടുപ്പിനു ശേഷം അർണോൾഡായിരുന്നു അവതാരകനായി എത്തിയത്. എന്നാൽ അവതാരകൻ മാറിയതോടെ പരിപാടിയുടെ റേറ്റിങ് കുറഞ്ഞുവെന്ന വാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പരിഹാസത്തിനു തിരിച്ചടിയായാണ് അർണോൾഡിന്റെ രൂക്ഷമായ പ്രതികരണം വന്നത്.
പരിപാടിയുടെ റേറ്റിങ് കുറഞ്ഞെങ്കിൽ നമ്മുടെ ജോലികൾ പരസ്പരം വച്ചുമാറാം. നിങ്ങൾ ടിവി ഷോയിൽ തന്നെ തുടർന്നോളൂ. ഞാൻ പ്രസിഡന്റാകാം. അതോടെ ജനങ്ങൾക്കു സമാധാനത്തോടെ കിടന്നുറങ്ങാനും സാധിക്കുമെന്നും അർണോൾഡ് പറഞ്ഞു. സംവാദത്തിനായി ട്രംപുമായി മീറ്റിങ് സംഘടിപ്പിക്കണമെന്നും അതിനു ശേഷം ട്രംപിന്റെ മുഖം അടിച്ചു പൊളിക്കണമെന്നും നടൻ ആഞ്ഞടിച്ചു.