പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ത്യയായിരിക്കുമെന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. തീവ്രവാദമടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി രഹസ്യങ്ങള്‍ കൈമാറുമെന്നും ട്രംപ് പറഞ്ഞു. ന്യൂ ജേഴ്സിയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പരിപാടിയിലായിരുന്നു പ്രഖ്യാപനം.
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഹൈന്ദവക്കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ധനസമാഹരണ പരിപാടിയിലാണ് ഇന്ത്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഡോണള്‍ഡ് ട്രംപ് വാചാലനായത്. താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയിലെ ഹിന്ദുക്കളായ ഇന്ത്യാക്കാര്‍ക്ക് ഒരു സുഹൃത്താണ് വൈറ്റ് ഹൗസിലുണ്ടാവുകയെന്നും ട്രംപ് ഉറപ്പുനല്‍കുന്നു.
നിലവില്‍ ലോകരാജ്യങ്ങളിലുള്ള മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളാണ് നരേന്ദ്രമോദി. ഇന്ത്യയെ ശരിയായ ദിശയില്‍ മുന്നോട്ട് നയിക്കുകയാണ് അദേഹം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യയുെട കര്‍ശന നിലപാടിന് എല്ലാ പിന്തുണയും നല്‍കും. ഭാവിയില്‍ മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയും ട്രംപ് പ്രകടിപ്പിച്ചു. ആവേശത്തോടെയാണ് ന്യൂജേഴ്സിയിലെ ഇന്ത്യന്‍ സമൂഹം ട്രംപിനെ സ്വാഗതം ചെയ്തത്. മുംബൈയിലും പൂണെയിലും രണ്ട് വമ്പന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധികളില്‍ ട്രംപിന് നിക്ഷേപമുണ്ട്.