നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ബരാക്ക ഒബാമയുമായി കൂടിക്കാഴ്ച നടത്തും. അധികാരകൈമാറ്റം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച.
അമേരിക്കയുടെ 45ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമയുമായുള്ള ട്രംപിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. ജനുവരി 20ന് ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി സ്വീകരിക്കേണ്ട നടപടികളാണ് പ്രധാനമായും ചര്‍ച്ചയാകുക. നിലവിലെ സര്‍ക്കാര്‍ നയങ്ങളും വിദേശകാര്യനിലപാടുകളും ചര്‍ച്ച ചെയ്തേക്കും. ഏറ്റവും സുഗമമായ രീതിയില്‍ അധികാരകൈമാറ്റം പൂര്‍ത്തിയാക്കാന്‍ ഒബാമ തന്റെ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒബാമ നിയുക്ത പ്രസിഡന്റ് ട്രംപിനെ അനുമോദിച്ചിരുന്നു. അമേരിക്കയെ മികവോടെ മുന്നോട്ട് നയിക്കാന്‍ ട്രംപിന് സാധിക്കട്ടെയെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം ഡോണള്‍ഡ് ട്രംപിനെതിരായി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. മാന്‍ഹട്ടന്‍, ഫിഫ്ത് അവന്യുവിലുള്ള ട്രംപ് ടവറിന് മുന്നിലെ പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ല, വര്‍ഗീയവാദിയെ പിന്തുണയ്ക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.