താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ വിദേശികളെ അതിസൂക്ഷ്മ പരിശോധനയ്ക്കുശേഷമേ കുടിയേറ്റത്തിന് അനുവദിക്കുവെന്ന് ഡോണള്‍ഡ് ട്രംപ്. അമേരിക്കയെ സംരക്ഷിക്കാന്‍ ചിലരാജ്യങ്ങളില്‍ നിന്നുളളവരുടെ കുടിയേറ്റം നിര്‍ത്തിവയ്ക്കുമെന്നും തന്റെ തീവ്രവാദവിരുദ്ധ നയം പ്രഖ്യാപിച്ച് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപ് വ്യക്തമാക്കി. ഹിലറി ക്ലിന്റണും ബറാക് ഒബാമയും വളര്‍ത്തിയ ഇസ്്ലാമിക് സ്റ്റേറ്റിനെ തകര്‍ക്കുമെന്നും ഒഹായോയില്‍ നടന്ന നയപ്രഖ്യാപനത്തില്‍ ട്രംപ് പറഞ്ഞു.
അമേരിക്കന്‍ യുവാക്കളെ ഭീകരവാദത്തിലേക്കും വിധ്വംസകപ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്ന തീവ്ര ഇസ്്ലാമിക നിലപാടുകളെ പ്രതിരോധിക്കാന്‍ പ്രത്യേക കമ്മിഷനെ നിയോഗിക്കും. അമേരിക്കന്‍ ജനതയെ മാനിക്കുകയും അമേരിക്കന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊളളുകയും ചെയ്യുന്നവരെ മാത്രമേ കുടിയേറ്റത്തിന് അനുവദിക്കൂ. ഒബാമ ഭരണകൂടത്തിന്റെ പരാജയമാണ് ഭീകരവാദികളുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും ഇപ്പോഴത്തെ നയങ്ങള്‍ സമൂലം മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി.