പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന ആരോപണം ശക്തമാക്കി യു.എസ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. പലയിടത്തും കളളവോട്ട് വ്യാപകമാണെന്ന് ട്രംപ് ആരോപിച്ചു. അതേസമയം ഡോണള്‍ഡ് ട്രംപിന്റ സ്ത്രീവിരുദ്ധപരാമര്‍ശങ്ങള്‍ ആണുങ്ങളുടെ നേരമ്പോക്കായി കണ്ടാല്‍ മതിയെന്ന് നിലപാടുമായി ഭാര്യ മെലാനിയ ട്രംപ് രംഗത്തെത്തി.
അഭിപ്രായ സര്‍വേകളില്‍ തുടരെ പിന്നോട്ട് പോകുന്നതിനിടെയാണ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം ട്രംപ് ശക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളെ പ്രതിസ്ഥാനത്തുനിര്‍ത്തിയാണ് ആരോപണങ്ങളെങ്കില്‍ വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച പഠനങ്ങള്‍ നിരത്തിയാണ് ട്രംപിന്റെ പുതിയ നീക്കം. 2012ല്‍ നടന്ന പഠനത്തില്‍ 24 ദശലക്ഷം വോട്ടര്‍ റജിസ്ട്രേഷന് ക്രമപ്രകാരമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ട്രംപ് പറയുന്നു. യഥാര്‍ഥ പൗരത്വമില്ലാത്തവരുടെ വോട്ടുകളാണ് 2008ല്‍ ഡെമോക്രാറ്റിക് വിജയത്തിന് കാരണമായതെന്ന മാധ്യമറിപ്പോര്‍ട്ടുകളും ട്രംപ് ചൂണ്ടിക്കാട്ടുന്നു
പക്ഷംപിടിച്ചുളള വാര്‍ത്തകള്‍ നല്കി മാധ്യമങ്ങള്‍ ജനഹിതത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പബ്ളിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സും ആരോപിച്ചു. ട്രംപിന്റെ ആരോപണങ്ങളോട് ഡെമക്രാറ്റിക് ക്യാംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ആദ്യമായി ഭാര്യ മെലാനിയ ട്രംപ് പ്രതികരിച്ചു. ടേപ്പുകളിലെ ട്രംപിന്റെ സംഭാഷണം ഗൗരവമായി കാണേണ്ടതില്ലെന്നും ആണുങ്ങളുടെ നേരമ്പോക്കാണെന്നും മെലാനിയ പറഞ്ഞു. അശ്ലീല പരാമര്‍ശങ്ങളില്‍ ട്രംപ് ക്ഷമപറയുകയും താനതുക്ഷമിക്കുകയും ചെയ്തെന്ന് മെലാനിയ പറഞ്ഞു
ഡോണള്‍ഡ് ട്രംപില്‍ നിന്ന് ഇത്തരം സംസാരം താനൊരിക്കലും കേട്ടിട്ടില്ലെന്നും സ്വകാര്യടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ മെലാനിയ വ്യക്തമാക്കി. അതേസമയം ട്രംപിന്റെ പരാമര്‍ശങ്ങളില്‍ മെലാനിയ അസ്വസ്ഥയാണെന്ന റിപ്പോര്‍ട്ടകള്‍ നേരത്തെ പുറത്തുവന്നിരുന്നു