ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) സ്ഥാപകയാണ് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹിലറി ക്ലിന്റനെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. സ്ഥാപകയെന്ന നിലയിൽ അവർക്ക് ഐഎസിൽനിന്ന് പുരസ്കാരം ലഭിക്കും. ഓർലാൻഡോയിലേക്കു നോക്കൂ. സാൻ ബെർനാഡിനോയിലേക്കും വേൾഡ്ട്രേഡ് സെന്ററിലേക്കും നോക്കൂ. ലോകമെമ്പാടും ഇപ്പോൾ നടക്കുന്നതെന്താണെന്നു നോക്കൂ. നമ്മളാണ് ഐഎസിനെ ഇന്നത്തെ ഉയരങ്ങളിലെത്തിച്ചതെന്നും ട്രംപ് പറഞ്ഞു.
ഇത്തരത്തിൽ വഞ്ചകിയായ ഹിലറിയോടു തോൽക്കുന്നതു വിഷമിപ്പിക്കുന്നതാകില്ലേ? അതു വളരെ ഭീകരമായിരിക്കും. നമ്മൾ ഇത്രത്തോളം ഒന്നിച്ചുനിന്നിട്ടില്ല. ഒന്നിച്ചുനിൽക്കുന്നതിന് എല്ലാവരോടും എനിക്കു നന്ദിയുണ്ട്. അവിശ്വസനീയമായ ഒന്നാണിത് - ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ യോജിപ്പില്ലെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ചുനാളുകളായി ഹിലരി ക്ലിന്റനെ വഞ്ചകിയെന്നും പിശാചെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചുവരുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണ സമയത്തു താനായിരുന്നു പ്രസിഡന്റെങ്കിൽ അതു സംഭവിക്കില്ലായിരുന്നുവെന്നു ട്രംപ് ഫ്ളോറിഡയിൽ പറഞ്ഞിരുന്നു.