കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ വികാരം തിരിച്ചുവിട്ട് പ്രസിഡന്റായ ഡോണള്‍ഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസിന്റെ പടികയറുന്നത് കുടിയേറ്റക്കാരുടെ പട. ട്രംപിന്റെ ഭാര്യ മെലാനിയ ഉള്‍പ്പെടെ കുടുംബാംഗങ്ങളില്‍ പലരും അമേരിക്കയിലേക്ക് കുടിയേറിയവരാണ്.
പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി ഓവല്‍ ഓഫീസിന്റെ പടികയറാനൊരുങ്ങുന്ന ഡൊണള്‍ഡ് ട്രംപ്, പ്രചാരണത്തില്‍ പറഞ്ഞതൊക്കെ പ്രവര്‍ത്തിക്കാനൊരുങ്ങിയാല്‍ കുടുംബം തന്നെ പ്രശ്നത്തിലാകും. പ്രഥമവനിതയായി വൈറ്റ് ഹൗസിലെത്തുന്ന ട്രംപിന്റെ മൂന്നാംഭാര്യ മെലാനിയ നോസ് സ്ലോവേനിയക്കാരിയാണ്. സ്കോട്ട്ലന്റില്‍ ജനിച്ച അമ്മയുടേയും ജര്‍മന്‍ പാരമ്പര്യമുള്ള അച്ഛന്റേയും പാരമ്പര്യം പരിഗണിച്ചാല്‍ ട്രംപും കുടിയേറ്റക്കാരനാണ്. 1977 ല്‍ ട്രംപ് ആദ്യം വിവാഹം കഴിച്ചത് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള മോഡല്‍ ഇവാന സെല്നിക്കോവയെയാണ്. വിവാഹം കഴിഞ്ഞ് പത്തുവര്‍ഷത്തിനുശേഷമാണ് ഇവാന അമേരിക്കന്‍ പൗരത്വം നേടിയതുപോലും. ചലച്ചിത്രനടി മാര്‍ല മേപ്പിള്‍സുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇവാന ട്രംപുമായി വേര്‍പിരിഞ്ഞു. മാര്‍ലയുമായുള്ള ട്രംപിന്റെ ദാമ്പത്യത്തിന് മൂന്നുവര്‍ഷമേ ആയുസ്സുണ്ടായിരുന്നുള്ളു. 2005 ല്‍ 59 വയസുള്ളപ്പോഴാണ് ട്രംപ് മുപ്പത്തഞ്ചുകാരിയായ മെലാനിയയെ വിവാഹം കഴിച്ചത്.
ഇവാന്‍ക, ഡോണള്‍ഡ് ജൂനിയര്‍, എറിക്, ടിഫാനി, ബാരണ്‍ വില്യം. മൂന്നുവിവാഹങ്ങളിലായി അഞ്ചുമക്കള്‍. ഇവര്‍ക്കൊപ്പം മരുമക്കള്‍ കൂടി ട്രംപിനൊപ്പം വൈറ്റ് ഹൗസിലെത്തും. ചരിത്രപരവും സാധാരണ അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം വൈകാരികവുമായ മാറ്റത്തിനാണ് വൈറ്റ് ഹൗസ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.