പഠിക്കുന്ന സ്കൂൾ ഒൗദ്യോഗികമായി അടച്ചു പൂട്ടിയതോടെ മലപ്പുറം കൊണ്ടോട്ടി മങ്ങാട്ടുമുറി സ്കൂളിലെ വിദ്യാർഥികളുടെ ഭാവി എന്തെന്ന ചോദ്യമുയരുകയാണ്. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി കെ.പി. വൈശാഖ് തയാറാക്കിയ എന്റെ വാർത്ത
ഈ ദേശീയഗാനത്തോടെ സ്കൂൾ എന്നന്നേക്കുമായി പൂട്ടിപ്പോകുമോ എന്ന ആശങ്കയിലാണ് ഞങ്ങള്‍ വിദ്യാർഥികൾ. സ്കൂൾ പൂട്ടുമെന്ന് ഇടക്കിടെ ഞങ്ങളെ പേടിപ്പിച്ചിരുന്നെങ്കിലും പൂട്ടിപ്പോകുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാനടക്കം ഇവിടെ പഠിക്കുന്ന 67 കുട്ടികളും പാവപ്പെട്ട വീട്ടിൽ നിന്ന് വരുന്നവരാണ്. ഞങ്ങൾക്ക് ഉയർന്ന ഫീസ് കൊടുത്ത് എയ്ഡഡ് സ്കൂളുകളിൽ പോയി പഠിക്കാനുളള ശേഷിയില്ല. അതുകൊണ്ട് ഇവിടെത്തന്നെ പഠിക്കണമെന്നാണ് എന്റേയു എന്റെ കൂട്ടുകാരുടേയും ആഗ്രഹം.
മറ്റു നിവൃയില്ലാത്തതുകൊണ്ട് പൂട്ടിയ സ്കൂളിലിരുന്നാണ് ഞങ്ങൾ പഠിക്കുന്നത്. ഇവിടെ നിന്നും ഇറക്കി വിട്ടാൽ ഈ പെരുമഴക്കാലത്ത് പഠിക്കാൻ എവിടെ പോകുമെന്ന് ഞങ്ങൾക്കറിയില്ല. രണ്ട് കിലോമീറ്റർ പരിധിയിൽ പൊതുവിദ്യാലയങ്ങൾ വേറേയില്ല.
വിദ്യാഭ്യാസം അവകാശമായ നമ്മുടെ നാട്ടിൽ പഠിക്കാൻ വേണ്ടി ഞങ്ങൾ സര്‍ക്കാരിന്റേയും നാട്ടുകാരുടേയും മാനേജരുടേയുമെല്ലാം കനിവ് തേടുകയാണ്.