പ്രശസ്ത നടിക്ക് നേരിടേണ്ടിവന്ന ദുരന്തം ഓര്‍ത്തോര്‍ത്താണ് മലയാളികള്‍ കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ജീവിക്കുന്നതുതന്നെ. എന്തൊരു നാടാണിത്. വലിയവായില്‍ ഗോഡ്സ് ഓണ്‍ കണ്ട്രി എന്നൊക്കെ തട്ടിവിടും. സ്ത്രീകള്‍ക്ക് പക്ഷേ മര്യാദക്ക് വെളിയിലിറങ്ങി നടക്കാനും പറ്റില്ല. ഇപ്പോ പക്ഷേ സൂപ്പര്‍താരങ്ങള്‍ വരെ സ്നേഹനിധികളായ സഹോദരങ്ങളായി മാറിയതുകാരണം സഹോദരങ്ങളെകൊണ്ട് തട്ടീട്ടും മുട്ടീട്ടും നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കേരളത്തില്‍. ഈ നല്ലവര്‍ത്തമാനം തിരശ്ശീലയില്കൂടി പറഞ്ഞിരുന്നെങ്കില്‍ ഈ നാട് പണ്ടേ നന്നായേനെ. അത്രമാത്രം സ്ത്രീശാക്തീകരണം പറഞ്ഞാണല്ലോ ഇവിടുത്തെ സിനിമകള്‍ നിരന്തരം കൈയ്യടി നേടിയത്.
ആ പറഞ്ഞത് കേട്ടല്ലോ. അതുപക്ഷേ സിനിമയില്‍ മാത്രമല്ല, പുറത്തും പൊതുവെയുള്ള ഒരു ധാരണയാണ്. അതുകൊണ്ട് അത്തരം സിനിമരംഗങ്ങളെ കൈയ്യടിച്ച് വിജയിപ്പിച്ച പ്രേക്ഷകരായ നമുക്കും ഇതിലൊക്കെ ഒരു പങ്കുണ്ടെന്ന് മറക്കണ്ട. അതൊക്കെ പോട്ടെ മലയാള സിനിമയില്‍ മാഫിയയും ഗുണ്ടായിസവും വിളയുന്നുവെന്ന് പറഞ്ഞത് നടനും പഴയ സിനിമമന്ത്രിയും ഒക്കെയാണ്. പക്ഷേ ചിലര്‍ക്ക് അതും പിടിച്ചില്ല.