എല്ലാവര്ക്കും ഒരു ദിവസം ഉണ്ടെന്ന് പറയാറില്ലേ. ഇന്ന് തോമസ് ഐസക്കിന്റെ ദിവസമായിരുന്നു. ദിവസമെന്ന് പറഞ്ഞാല്‍ ഒരു വല്ലാത്ത ദിവസം. എത്രയോ ബജറ്റുകള്‍ അവതരിപ്പിച്ച ആളാണീ ഐസക്ക്. പക്ഷേ ഇന്നത്തെ ബജറ്റ് അദ്ദേഹം ഒരിക്കലും മറക്കില്ല. കഴിഞ്ഞ രണ്ടു മൂന്ന് മാസമായി ഊണും ഉറക്കവും കളഞ്ഞ് വിഴിഞ്ഞത്തും ഓഫിസിലും ഒക്കെ ഇരുന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ ബജറ്റാണ്. എല്ലാം തയാറാക്കി കഴിഞ്ഞപ്പോള്‍ സംഗതി കൊള്ളാമെന്ന് ഐസക്കിന് തന്നെ തോന്നി. അതിന്റെ ഒരു സ്റ്റൈലിലായിരുന്നു രാവിലത്തെ സഭയിലേക്കുള്ള പുറപ്പാട്. പുറപ്പാടെന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര പുറപ്പാട്
തോമസ് ഐസക്ക് സഭയിലെത്തിയതും ഇതേ സ്റ്റൈലില്‍ തന്നെയായിരുന്നു. ഈ ബജറ്റ് ദിവസം എന്നു പറഞ്ഞാല്‍ ധനമന്ത്രിമാര്‍ സ്റ്റാറാകുന്ന ദിവസമാണ്. അത് നിയമസഭയായാലും ലോക്സഭയായാലും അങ്ങനെ തന്നെ. നാട്ടിലും വീട്ടിലും ആരും മൈന്‍ഡ് ചെയ്യാതെ തേരാപ്പാരാ നടക്കുന്നവനും കല്യാണച്ചെക്കനായാല് ആ ദിവസം ഒരു സ്റ്റാറായിരിക്കുമല്ലോ. അതുപോലെയാണ് ലോകത്തെവിടെയും ബജറ്റ് ദിവസം ധനമന്ത്രിക്ക് കിട്ടുന്ന ശ്രദ്ധ. ഇതുപിന്നെ സാധാരണ ധനമന്ത്രിയുമല്ലല്ലോ. ധനശാസ്ത്രം പഠിച്ച് ഡോക്ടറേറ്റ് വരെയെടുത്ത ഒരു മനുഷ്യന്. ജനിച്ചപ്പോഴേ ഐസക്കിനെ കേരളത്തിന്റെ ധനമന്ത്രിയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം എന്നു തോന്നുന്നു. ആ ഗമയിലായിരുന്നു സഭയിലേക്കുള്ള പ്രവേശം