ഇത്രയം ആയ സ്ഥിതിക്ക് എസ്എഫ്ഐ വിജയിച്ചോ എന്നാണല്ലോ ഇനി പരിശോധിക്കേണ്ടത്. വിജയിച്ചെന്നാണ് എസ്എഫ്ഐക്കാര്‍ പറയുന്നത്. അപ്പോ ലക്ഷ്മി നായര്‍ രാജിവച്ചില്ലല്ലോ എന്നു ചോദിച്ചാല്‍ അഞ്ചുകൊല്ലം മാറിനില്ക്കുന്നില്ലേയെന്ന് മറുചോദ്യം വരും. തല്ക്കാലം ഇതിനെ ഒരു ഒത്തുതീര്‍പ്പെന്ന് പറയുന്നതാവും ബുദ്ധി.
സംഗതി ശരിയാണ്. ആഹ്ലാദിക്കുക എന്നല്ലാതെ ഇനിയിപ്പോ എന്തുപറഞ്ഞ് സമരം ചെയ്യും. രാജി തന്നെ വേണമെന്ന് പറയാന്‍ എസ്എഫ്ഐ സിപിഎം വിരുദ്ധ സംഘടനയൊന്നും അല്ലല്ലോ. ഇതിപ്പോ രണ്ടുടീംസായിട്ടാണ് ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ സമരം ചെയ്തത്. ഒന്ന് എസ്എഫ്ഐ ഒറ്റയ്ക്ക്. രണ്ട് എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളെല്ലാം കൂടി ഒരുമിച്ച്. ഇന്നലെ രാത്രിയായിരുന്നു ഇവരെയൊക്കെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകള്‍. രാജി പറ്റില്ലെന്ന് പറഞ്ഞപ്പോഴേ ഒരു കൂട്ടര് ഇറങ്ങിപ്പോന്നു. എസ്എഫ്ഐ ഇറങ്ങിയില്ലെന്ന് മാത്രമല്ല, എല്ലാവരും കൂടി ഇരുന്ന നേരത്തേക്കാള്‍ കൂടുതല്‍ നേരം ചര്‍ച്ചയും നടത്തി.
ഒരൊറ്റ രാത്രികൊണ്ട് എസ്എഫ്ഐ അങ്ങനെ വീരന്മാരായി. എന്തൊരു ചങ്കൂറ്റം. അതും സിപിഎം സെക്രട്ടറി പോലും ഈ സമരത്തെ ഒരു സാംസ്കാരിക പ്രവര്‍ത്തനം മാത്രമായി കാണുന്ന സമയത്ത് ഇത്രയും വീറും വാശിയും കാണിച്ചെങ്കില്‍ അതിലൊരു ഹീറോയിസമുണ്ട്. പക്ഷേ നേരംവെളുത്താല്‍ തീരുന്ന ഒന്നായിപ്പോയി എന്നുമാത്രം. സൂര്യന് തലയ്ക്കുമുകളില്‍ തീപിടിച്ചപ്പോഴാണ് സ്വബോധത്തിലേക്ക് കുട്ടിസഖാക്കള്‍ ഉണര്‍ന്നത്. എന്നുവച്ചാല്‍ കോടിയേരി, പിണറായി, തുടങ്ങിയ മഹാരഥന്മാരുടെ മുഖം മനസിലേക്ക് വന്നുവെന്നര്ഥം. പഞ്ചവല്‍സര വനവാസ ഫോര്മുലയൊക്കെ നട്ടുച്ചയ്ക്ക് മണ്ടയില്‍ ഉദിച്ചത് അതുകൊണ്ടാവണം.