ഉമ്മന്‍ചാണ്ടി അങ്ങ് ഡല്‍ഹിയില്‍ തകര്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാരിനും മോദിക്കുമെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് കൊച്ചിയില്‍ വച്ച് നടത്തിയാലൊന്നും പോരാന്നും അത് മോദിയുടെ മൂക്കിന്‍തുമ്പത്ത് തന്നെ നടത്തണമെന്ന് ചാണ്ടിസാറെ ഉപദേശിച്ചത് രാഹുല്‍ ഗാന്ധിയാവാനാണ് സാധ്യത. കൈയ്യില്‍ ബോംബുണ്ടെന്നൊക്കെ പറയുകയല്ലാതെ പൊട്ടിക്കലൊന്നും നടന്നിട്ടില്ലല്ലോ. ഇനി ഉമ്മന്‍ചാണ്ടി വഴിയെങ്ങാനും പൊട്ടിക്കാന്‍ സാധിച്ചാല്‍ അത് ഇരുകൂട്ടര്‍ക്കും ഗുണവും ചെയ്യും.
തന്റെ രാഷ്ട്രീയ കരിയറില്‍ ആദ്യമായിട്ടാണുപോലും ഉമ്മന്‍ചാണ്ടി ദേശീയ നേതൃത്വത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനം വിളിച്ച് കേന്ജ്രസര്ക്കാരിനെ വെല്ലുവിളിക്കുന്നത്. അതേതായാലും നന്നായി. കേരളത്തില്‍ സ്വന്തം ഗ്രൂപ്പിന് ഗ്രിപ്പില്ലാതായാല് പിന്നെയുള്ള രക്ഷ ദേശീയ നേതൃത്വമാണ്. അപ്പോ അതും ഒരു സ്റ്റെപ്പിനിയായി കരുതണം. പിന്നെ പി.സിചാക്കോയെപ്പോലുള്ള ആത്മമിത്രങ്ങളുണ്ടേല് ചാണ്ടിസാറിന് ഡല്ഹിയിലെന്തു പേടിക്കാനാണ്.