കേരള പൊലീസിന് ഇന്ന് കറുത്ത ദിനമായിരുന്നു. റിപ്പബ്ളിക് ദിനം പ്രമാണിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരള പൊലീസിന് ഒന്നുമില്ല. നമ്മുടെ പൊലീസ് അങ്ങനെ മോശക്കാരൊന്നുമായിട്ടല്ല. അവാര്ഡിനര്ഹരായവുടെ പേരും വിലാസവുമൊന്നും എത്തേണ്ടിടത്ത് എത്തേണ്ട സമയത്ത് എത്തിയില്ല പോലും. പൊലീസിന്റെ ആത്മവീര്യം കാക്കണം. പൊലീസ് കാര്യക്ഷമമാകണം. പൊലീസ് അതാകണം ഇതാകണം എന്നൊക്കെ പ്രസംഗിക്കുന്ന ആഭ്യന്തര വകുപ്പ് കൂടി കൈയിലുള്ള മുഖ്യമന്ത്രിക്ക് നന്നായി പണിയെടുക്കുന്ന പൊലീസുകാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമതി വാങ്ങി നല്കി പ്രോല്‍സാഹിപ്പിക്കാനുള്ള ചുമതല കൂടിയുണ്ട്. പൊലീസിന്റെ കരച്ചില് അദ്ദേഹം കാണുന്നില്ലേ ആവോ
സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്ര സഹായം കിട്ടിയില്ല, കേന്ദ്ര വിഹിതം പാഴായി എന്നൊക്കെ സ്ഥിരമായി കേള്‍ക്കാറുണ്ട്. കേരളം വേണ്ടപോലെ ആവശ്യപ്പെട്ടില്ല എന്നാണ് പലപ്പോഴും അതിന് ഉത്തരമായി കണ്ടെത്താറുള്ളത്. നിസ്സാരമായി, മികച്ച സേവനം ചെയ്ത പൊലീസുകാരുടെ ലിസ്റ്റ് മര്യാദക്കയച്ച് മെഡല്‍ വാങ്ങിക്കൊടുക്കാന്‍ പറ്റുന്നില്ല. പിന്നെയാണ് കേന്ദ്ര സഹായങ്ങള്‍. അതൊക്കെ പാഴായില്ലെങ്കിലേ അതിശയമുള്ളു. ഈ മെഡലുകള്‍ നഷ്ടമാകാന്‍ കാരണമായവര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുത്തില്ലെങ്കിലും വേണ്ട. പുതിയ മെഡലൊന്നും കൊടുക്കാതിരുന്നാല്‍ മതി
മെഡലു വാങ്ങാനും വിഹിതം വാങ്ങാനുമൊക്കെ ഇവിടുന്ന് ഇടക്കിടക്ക് മുഖ്യമന്ത്രിയും ടീമും ഡല്‍ഹിയിലേക്ക് പോകാറുണ്ട്. പല മന്ത്രിമാരെയും കാണാറുമുണ്ട്. പക്ഷേ, ഇവര്‍ കാണുന്ന മന്ത്രിമാര്‍ക്കൊക്കെ ഇവരെ മനസിലാകുന്നുണ്ടോ എന്നതാണ് ഇനി അറിയേണ്ടത്. അങ്ങനെ ഒരു സംശയമുണ്ടായത് കഴിഞ്ഞ ദിവസം കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാനെ കാണാന്‍ പിണറായിയും സെറ്റും പോയതിന്റെ വാര്‍ത്ത കണ്ടപ്പോഴാണ്. പിണറായി കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയതും പാസ്വാന് ട്വീറ്റടിച്ചു. തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ സെല്‍വവുമായി ചര്‍ച്ച നടത്തിയെന്ന്. പസ്വാന് തെറ്റിപ്പോയതാണോ അതോ താന്‍ തമിഴ്നാട് മുഖ്യമന്ത്രിയാണെന്ന് പിണറായി പറഞ്ഞതാണോ? ആര്‍ക്കറിയാം
ഏതായാലും തമിഴ്നാട്ടുകാര്‍ സൂക്ഷിച്ചിരുന്നോണം. പനീര്‍ സെല്‍വം വന്നു കണ്ടു ചോദിച്ചതല്ലേ എന്നു കരുതി കുറേ അരി അങ്ങോട്ട് കയറ്റി അയക്കാന്‍ സാധ്യതയുണ്ട്. മുഴുവന്‍ തിന്നു തീര്‍ക്കേണ്ടി വരും. സംഗതി ഇത്രയും വലിയ വിവാദമായിട്ടും ഇവിട ചിലര്‍ പനീര്‍സെല്‍വം എന്ന പേര് മര്യാദക്ക് പഠിച്ചിട്ടില്ല. അവര്‍ക്ക് പനിനീരിനോടാണ് താല്പര്യം