രാജ്യതലസ്ഥാനത്തേക്ക് സഞ്ചാരികളെ ആകര്‍ഷിച്ച് മുഗള്‍ ഉദ്യാനം. രാഷ്ട്രപതിഭവനില്‍ അഞ്ചേക്കര്‍ വിശാലതയിലാണ് അപൂര്‍വ്വ പുഷ്പങ്ങളുടെ ഉദ്യാനമുള്ളത്. മാറിവന്ന രാഷ്ട്രപതിമാരുടെ മേല്‍നോട്ടത്തിലുള്ള പൂന്തോട്ടം ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. മുഗള്‍ ഉദ്യാനം. ലോകത്തിലെ ഏറ്റവും മൂല്യമേറിയ രാഷ്ട്രപതിഭവനിലെ സൗന്ദര്യവിസ്മയം. മുന്നൂറ്റിഅമ്പതോളം ഏക്കറുള്ള രാഷ്ട്രപതി ഭവന്റെ സ്വകാര്യ ഉദ്യാനമാണ് മുഗള്‍ രാജവംശത്തിന്റെ പേരിലുള്ള ഈ ഉദ്യാനം.
പ്രണയത്തിന്റെ പനിനീര്‍പ്പൂക്കള്‍ ചൂടുന്ന റോസ് ഉദ്യാനം, മഴവില്ലഴകില്‍ ശലഭോദ്യാനം, രുദ്രാക്ഷം വിടരുന്ന ആത്മീയഉദ്യാനം, സംഗീതവും സുഗന്ധവും ഒരുമിക്കുന്ന മ്യൂസിക്കല്‍ ഗാര്ഡന്, അപൂര്‍വ്വ ഔഷധത്തോട്ടം, ബോണ്‍സായി ഉദ്യാനം. രാജ്യതലസ്ഥാനത്തേക്ക് സഞ്ചാരികളെ കാത്തിരിക്കുന്നത് മനോഹരവിസ്മയങ്ങളാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേയും പത്നി സുബ്ര മുഖര്‍ജിയുടേയും പേരിലുള്ള റോസാച്ചെടിയും പൂന്തോട്ടത്തിലുണ്ട്.
മദര്‍ തെരേസ, എലിസബത് രാജ്ഞി, സോണിയ ഗാന്ധി തുടങ്ങിയ നേതാക്കളുടെ പേരുകളിലും ഇവിടെ പൂക്കളുണ്ട്. ഹോളണ്ട്, വിയറ്റ്്നാം, സിംഗപ്പൂര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള 12,000 അധികം ട്യൂലിപ്പുകളും നാടന്‍ ചെണ്ടുമല്ലിയും ജമന്തിയും ഡാലിയയും ലില്ലിയുമൊക്കെ ആനന്ദക്കാഴ്ചയേകുന്നു.
1911 ല്‍ കശ്മീരിലെ മുഗള്‍ ഉദ്യാനവും താജ്്മഹല്‍ പൂന്തോട്ടവും മാതൃകയാക്കി ബ്രിട്ടീഷ് ശൈലിയില്‍ ഒരുക്കിയ ഉദ്യാനമാണ് രാഷ്ട്രപതിഭവന്റെ ഹൃദയഭാഗത്തെ മനോഹരമാക്കുന്നത്. മാര്‍ച്ച് 12 വരെയാണ് ഉദ്യാനോത്സവം. വര്‍ഷം എട്ട് ലക്ഷത്തോളം പേരാണ് ഉദ്യാനം സന്ദര്‍ശിക്കുന്നത്.
പ്രസിഡന്റ്സ് എസ്റ്റേറ്റിലെ മുപ്പത്തഞ്ചാം ഗേറ്റ് വഴിയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉദ്യാനം സന്ദര്‍ശിക്കാം.