E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 01:14 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

എന്തിനാണ് ഇത്രയധികം രക്തപരിശോധനകൾ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Medical science
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വൺ ഡേയും പിന്നെ ട്വന്റി ട്വന്റിയും കളം പിടിച്ചപ്പൊ വംശനാശം വന്നുതുടങ്ങിയ ക്രിക്കറ്റിലെ ടെസ്റ്റിനെക്കുറിച്ചല്ല കേട്ടോ... രോഗനിർണയം നടത്താൻ ഡോക്ടർ ഉപയോഗിക്കുന്ന ടെസ്റ്റെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന Investigations നെക്കുറിച്ചാണ് ഈ കുറിപ്പ്

ഒരു ചെറിയ മുഖവുര

ഒരിക്കലെങ്കിലും ആശുപത്രികളിൽ പോകാത്തവരായോ ഡോക്ടറെ കാണാത്തവരായോ ഇന്ന് ഭൂമിമലയാളത്തി അവശേഷിക്കുന്നയാളുകൾ അപൂർവമായിരിക്കും. രക്തപരിശോധനകൾ ചെയ്യാത്തവരും വംശനാശം വന്നുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് ഡോക്ടർമാർ ടെസ്റ്റുകൾ എഴുതുന്നു എന്ന് ആലോചിക്കാത്തവരായി നമ്മിലാരും കാണില്ല. ഓരോരുത്തർക്കും അവരവരുടേതായ ഉത്തരങ്ങളും ഉണ്ടാകും. രോഗനിർണയം മുതൽ " കാശ് അടിച്ചുമാറ്റാനാണെന്ന് " വരെ. 

അതെ, പണ്ടത്തെപ്പോലെയല്ല ഇപ്പോൾ. പൊതുവെ എല്ലാവർക്കും എല്ലാവരോടും നിലനിൽക്കുന്ന സംശയങ്ങൾ ഡോക്ടർ - രോഗി ബന്ധത്തിലും കടന്നു കൂടിയിട്ടുണ്ട്. രോഗികളുടെ ആധിക്യവും ഡോക്ടർമാരുടെ കുറവും മൂലം ഉണ്ടായ തിരക്കും സമയക്കുറവും മൂലം സർക്കാർ ആശുപത്രികളിലും ആശയവിനിമയത്തിന്റെ അഭാവമുണ്ടാകാവുന്ന സ്വകാര്യ ആശുപത്രികളിലും ചിലപ്പോൾ സംശയങ്ങൾ ദുരീകരിക്കാനുള്ള സാവകാശമോ അവസരമോ ലഭിക്കണമെന്നില്ല. സ്വഭാവികമായും തെറ്റിദ്ധാരണകൾ ഉടലെടുക്കാം. അമിതലാഭത്തിനായും മറ്റ് ക്രമക്കേടുകൾക്കായും (ദത് എന്താണെന്ന് പിന്നാലെ) എഴുതുന്ന ടെസ്റ്റുകളെന്ന ധാരണയിലേക്ക് എത്തുന്നതിനു മുൻപ് ഒന്ന് വായിക്കൂ...

എന്തിനാ ഇത്രയും ടെസ്റ്റ്

ഉദാഹരണങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ടെസ്റ്റുകളെക്കുറിച്ച് പൊതുവിൽ ചിലത് സൂചിപ്പിക്കാം .സാധാരണയായി ചെയ്യുന്ന രക്ത പരിശോധനകളെ മാത്രമേ ഉൾപ്പെടുത്തുന്നുള്ളൂ. മറ്റുള്ളവ എല്ലാം ഉൾപ്പെടുത്തിയാൽ ഒരു പുസ്തകം തന്നെ എഴുതേണ്ടിവരും...അതുകൊണ്ട്.

1. ഒരു ഡോക്ടർ ചികിൽസിക്കുന്നത് ടെസ്റ്റ് റിസൾട്ടിനെയോ സ്കാൻ റിപ്പോർട്ടിനെയോ അല്ല. രോഗ വിവരം അപഗ്രഥിച്ച്, ക്ലിനിക്കൽ എക്സാമിനേഷൻ എന്ന് അറിയപ്പെടുന്ന പരിശോധനയും കഴിഞ്ഞ് എത്തിച്ചേരുന്ന ഡയഗ്നോസിസ് - രോഗ നിർണയം - ഉറപ്പ് വരുത്താനും ഒന്നിൽ കൂടുതൽ സാദ്ധ്യത ഉണ്ടെങ്കിൽ അത് ഒന്നിലേക്ക് ചുരുക്കാനുമുള്ള സഹായികളാണു ടെസ്റ്റുകൾ.

അതായത് ക്ലിനിക്കൽ കണ്ടെത്തലുകളോട് യോജിച്ച് പോകുന്നതാണു ടെസ്റ്റ് റിസൾട്ടെങ്കിലേ അതിനു വിലയുള്ളൂ. അതുകൊണ്ടാണ് പരിചയമുള്ള ഡോക്ടറോട് " ഡോക്ടറേ, എന്റെ റിസൾട്ട് ദേ ഇതാ, ഒരു മരുന്ന് പറഞ്ഞേ എന്ന് പറയുമ്പൊ " മറുപടിയായി " ആദ്യം കാര്യമെന്താണെന്ന് പറ എന്നിട്ട് ടെസ്റ്റും ട്വന്റി ട്വന്റിയും " എന്ന് മറുപടി കിട്ടുന്നത്. ചിലപ്പോൾ വേറെ എവിടെയെങ്കിലും ഒന്ന് കൂടെ ചെയ്യാൻ പറയുന്നതും അതുകൊണ്ടാണ്. 

2. രോഗത്തിന്റെ തുടർ ചികിൽസയ്ക്കും നിലവിലെ ചികിൽസ ഫലപ്രദമാണോ എന്നറിയാനും ചില മരുന്നുകളുടെ പ്രവർത്തനം മനസിലാക്കാനും ടെസ്റ്റുകൾ ഉപയോഗിക്കാം. 

3. ശസ്ത്രക്രിയയ്ക്കും മറ്റ് പ്രൊസീജിയറുകൾക്കും മുൻപായും ടെസ്റ്റുകൾ നടത്തേണ്ടിവരാം.

ശസ്ത്രക്രിയയും അപകടങ്ങളും രോഗങ്ങളും ഒരു ക്രൈസിസ് സിറ്റുവേഷനാണ് ശരീരത്തെ സംബന്ധിച്ചിടത്തോളം.ആ സ്ട്രെസ്സ് മറികടക്കാൻ ശരീരം സന്നദ്ധമാണോ എന്നതും അഥവാ അല്ലെങ്കിൽ അതിനു സജ്ജമാക്കാൻ ചെയ്യേണ്ടതെന്തൊക്കെയാണെന്നും മനസിലാക്കാനായും ടെസ്റ്റുകൾ ഉപയോഗിക്കാം.

4. ഇതൊന്നുമല്ല, ആരോഗ്യവാനാണെന്ന്/ആരോഗ്യവതിയാണെന്ന് - ഒരു വ്യക്തിയുടെ നിലവിലെ ആരോഗ്യസ്ഥിതി മനസിലാക്കാനും ടെസ്റ്റുകൾ ഉപയോഗിക്കാം. പ്രധാനമായും ഇവയാണു ടെസ്റ്റുകളുടെ ഉപയോഗങ്ങൾ.

പക്ഷേ നേരത്തെ പറഞ്ഞ ആശയവിനിമയത്തിന്റെ അഭാവം ചിലപ്പോഴൊക്കെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത് ആരെയും കുറ്റപ്പെടുത്താനുള്ളതല്ല. എന്താണു പ്രശ്നമെന്ന് കണ്ടെത്തിയാലേ അതിന്റെ പരിഹാരം നമുക്ക് കണ്ടെത്താനാകൂ.

രണ്ട് ഉദാഹരണങ്ങൾ 

1. കുറച്ചു നാൾ മുൻപ് ഒരു മലയാള ഓൺ ലൈൻ ന്യൂസ് പേപ്പറിൽ അവയവദാനവുമായി ബന്ധപ്പെട്ട് വന്ന വാർത്തയുടെ ഒരു ഭാഗമാണ് ചിത്രത്തിൽ ആദ്യ ഭാഗം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഗിയുടെ എച്ച്.ഐ.വി ടെസ്റ്റ് നടത്തിയതും ലിവർ - റീനൽ ഫങ്ങ്ഷൻ (കരളിന്റെയും വൃക്കയുടെയും പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള) ടെസ്റ്റുകൾ നടത്തിയതുമാണ് ലേഖകനു ദുരൂഹതയായി തോന്നിയത്.

2. വയറ്റിൽ വേദനയുമായി ഒരു സ്പെഷ്യലിസ്റ്റ് ഡോക്റ്ററെ കാണാൻ ചെന്ന രോഗിക്ക് എഴുതിക്കൊടുത്ത ടെസ്റ്റുകളുടെ കൂട്ടത്തിലെ ടെസ്റ്റുകളാണ് അടുത്തത്. എച്ച്.ഐ.വി, എച്ച്.ബി.എസ്.എ.ജി & എച്ച്.സി.വി രോഗിക്ക് ഈ ടെസ്റ്റുകൾ എന്തിനാണെന്ന് സംശയം തോന്നി. സ്വഭാവികം.

ഉദാഹരണം 1 : കാഷ്വാലിറ്റിയിലെ തെറ്റിദ്ധാരണ

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉയർന്ന ചികിൽസാസംവിധാനമുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തു എന്ന് വാർത്തയിലുണ്ട്. ന്യായമായും സർജറി പോലെ ഉള്ള ചികിൽസാരീതികൾ അവലംബിക്കേണ്ടിവരാമെന്ന് ചിന്തിക്കാം. ഒട്ടുമിക്ക ആശുപത്രികളിലും - സർക്കാർ/സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ - ട്രയാജ് അല്ലെങ്കിൽ അക്യൂട്ട് കെയർ റൂം എന്നിങ്ങനെ പല പേരുകളിൽ വിളിക്കുന്ന പ്രഥമ ശുശ്രൂഷാ സ്ഥാനങ്ങളിൽ വച്ച് തന്നെ അത്യാവശ്യമായി ചെയ്യേണ്ടുന്ന രക്ത പരിശോധനകൾ അയയ്ക്കാറുണ്ട്. അടിയന്തിരമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്കോ മറ്റ് ചികിൽസകൾക്കോ രക്തപരിശോധനയുടെ കാലതാമസം ഒരു തടസമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 

അപകടത്തിൽ പെട്ട് എത്തുന്നവരോ ശസ്ത്രക്രിയയോ മറ്റ് ഇൻവേസീവ് പ്രൊസീജിയറുകളോ ആവശ്യമായി എത്തുന്ന രോഗികൾക്ക് സാധാരണയായി ചെയ്യാറുള്ള രക്തപരിശോധനകൾ ഇവയാണ്.  CBC, LFT, RFT, RBS, ELECTROLYTES, PT-INR/APTT, HIV,HBsAg, Anti HCV, Grouping & Cross matching. Scans/X rays. ആശുപത്രികളും ചിലപ്പൊ യൂണിറ്റുകളിലെ പ്രോട്ടോക്കോളുകളും (ഒരു പ്രത്യേക സിറ്റുവേഷനുകളിൽ എന്തെല്ലാം ചെയ്യണമെന്നുള്ളതിന്റെ നിർദ്ദേശങ്ങൾ) അനുസരിച്ച് വ്യത്യാസം വന്നേക്കാം

സാധാരണ ചെയ്യുന്ന പരിശോധനകൾ വിശദമായി താഴെ നൽകുന്നു

CBC (Complete Blood Count):രക്തത്തിൽ പല ഘടകങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ചുവന്ന രക്താണുക്കളും വെള്ള (ശ്വേത രക്താണുക്കൾ) രക്താണുക്കളും (അണുബാധയുണ്ടാക്കുന്ന അണുവല്ല. കൺഫ്യൂഷനടിക്കണ്ട...രക്തത്തിലെ കോശങ്ങൾ അത്രേയുള്ളൂ) പ്ലേറ്റ്ലറ്റുകളും ഒക്കെ അടങ്ങിയിരിക്കുന്നു. ഇവയുടെ ഏറ്റക്കുറച്ചിലുകൾ പല രോഗങ്ങൾ കണ്ടെത്താനും ഉപകാരപ്പെടാം. 

കമ്പ്ലീറ്റ് ബ്ലഡ് കൗണ്ട്  , ബ്ലഡ് റുട്ടീൻ എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്നു. അതായത് ഹീമോഗ്ലോബിൻ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ പിന്നെ അല്ലറചില്ലറ വിവരങ്ങളും നൽകുന്ന ഈ ടെസ്റ്റ് ചെയ്യാത്തവരായി ആരും തന്നെ കാണില്ല. ചില അവസരങ്ങളിൽ ഇൻഫെക്ഷനുകൾ ഉണ്ടോ എന്നും ഉണ്ടെങ്കിൽ ഏത് തരമാകാമെന്നും ഒക്കെയുള്ള വിലപ്പെട്ട വിവരം നൽകുന്ന ഒരു സിമ്പിൾ ടെസ്റ്റ്. പ്ലേറ്റ്ലെറ്റ് കുറഞ്ഞോ എന്ന് നോക്കുന്നതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ അല്ലേ? 

മുകളിൽപ്പറഞ്ഞ അപകടത്തിൽപ്പെട്ടയാൾക്ക് ഈ ടെസ്റ്റ് നൽകുന്ന വിവരം രക്തം എത്രത്തോളം നഷ്ടപ്പെട്ടു എന്നതാണ്. അതനുസരിച്ച് നൽകേണ്ട രക്തത്തിന്റെയും മറ്റ് ഐ.വി ഫ്ലൂയിഡുകളുടെയും (ഡ്രിപ്പ്) അളവുകൾ നിർണയിക്കാനാകും. 

LFT - ലിവർ ഫങ്ങ്ഷൻ ടെസ്റ്റ്. 

കരളിനു ശരീരത്തിൽ പല കർത്തവ്യങ്ങളുമുണ്ട്. സൃഷ്ടി - സ്ഥിതി - സംഹാരം നടത്താൻ മൂന്നു പേർ വേണ്ടിവന്നെങ്കിൽ ഇവിടെ ഒട്ടേറെ സുപ്രധാന ഘടകങ്ങളുടെ ഉത്പാദനവും വിതരണവും സൂക്ഷിച്ചുവയ്ക്കലും അല്പസ്വല്പം വിഷം നിർവീര്യമാക്കലുമെല്ലാമായി (ചിയേഴ്സ്....) അരങ്ങുതകർക്കുന്ന അവയവമാണു കരൾ. കരളിന്റെ വിഷമങ്ങൾ കരൾ നമ്മളോട് പറയുന്നത് കരളുണ്ടാക്കുന്ന ചില വസ്തുക്കളിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ടാകും.അതല്ലെങ്കിൽ കരൾ നശിപ്പിച്ച് കളയുന്ന ചില വേസ്റ്റ് മെറ്റീരിയലുകളുടെ ആധിക്യം കൊണ്ടാകും. കരളിന്റെ ആ സംഭാഷണം മനസിലാക്കാൻ വേണ്ടി ചെയ്യുന്ന ടെസ്റ്റുകൾക്ക് ഒന്നിച്ച് പറയുന്ന പേരാണ് ലിവർ ഫങ്ങ്ഷൻ ടെസ്റ്റ്.

കരൾ രോഗമുള്ളവർക്ക് മാത്രമേ / ഉണ്ടാകാനിടയുള്ളവർക്ക് മാത്രമേ ഇത് ചെയ്യാവൂ എന്നില്ല. ചില മരുന്നുകളും ചികിൽസകളും ആരംഭിക്കുന്നതിനു മുൻപ് - അഡ്മിറ്റ് ആകുമ്പോൾ ബേസ് ലൈൻ ആയും LFT ചെയ്യാറുണ്ട്. മരുന്നുകളുടെ പ്രവർത്തനം കരളിനെ ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ ഫോളോ അപ് ചെയ്യാനും ഉപയോഗപ്പെടാം. ചില മരുന്നുകളുടെ ഡോസുകൾ കരൾ രോഗമുണ്ടാകുവാനിടയുള്ളവർക്ക് മോഡിഫൈ ചെയ്യേണ്ടതായി വരും. കരൾ രോഗമുള്ളവർ ഒഴിവാക്കേണ്ട മരുന്നുകളുണ്ട്.

അപകടങ്ങൾ നടന്നിടത്ത് ചിലപ്പോൾ രോഗിയുടെ വിവരങ്ങൾ അറിയാവുന്നവരുണ്ടാകില്ല. അത്തരം സന്ദർഭങ്ങളിൽ കരളിനെക്കുറിച്ച് സൂചന തരാൻ ഇതിനു കഴിയും. നമ്മുടെ ഉദാഹരണത്തിലെ യുവാവിന് കരൾ രോഗമുണ്ടോ എന്ന് അറിവില്ലെങ്കിലും കുഴപ്പമില്ല. ഈ ടെസ്റ്റ് വിവരം തരും. കൂടാതെ സർജറിയെന്ന ഒരു വൈതരണി കടക്കേണ്ടതുള്ളതുകൊണ്ട് കരളിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിയേണ്ടത് അത്യന്താപേക്ഷിതമാണ്. രക്തം കട്ടി പിടിക്കാൻ ആവശ്യമായ ഘടകങ്ങളും - ക്ലോട്ടിങ്ങ് ഫാക്ടേഴ്സ് കരളിൽ ഉണ്ടാക്കുന്നതുകൊണ്ട് തന്നെ.

( കരൾരോഗത്തിനു കാരണമാകാവുന്ന യാതൊരു ദുശ്ശീലങ്ങളും ഇല്ലാത്തയാൾക്ക് ചെയ്തു എന്നും പരാതി വേണ്ട. രണ്ട് കാരണം.ഒന്ന്- മറ്റൊരാളെ പൂർണമായി അറിയാൻ കഴിയുമെന്ന് വാശിപിടിക്കരുത്....രണ്ട്- ദുശ്ശീലമില്ലാത്തവർക്കും വരാവുന്ന കരൾ രോഗമുണ്ട് - eg; NASH)

RFT - റീനൽ ഫങ്ങ്ഷൻ ടെസ്റ്റ്  : നമുക്ക് രണ്ട് വൃക്കകളുണ്ട്..വൃക്കയാണു ശരീരത്തിനാവശ്യമില്ലാത്ത പാഴ് വസ്തുക്കൾ പുറത്ത് കളയുന്ന ഒരു അവയവം. അത് മാത്രമല്ല വൃക്കയുടെ ജോലി. രക്തം ഉത്പാദിപ്പിക്കാൻ ആവശ്യമായ ചില ഹോർമോണുകൾ പുറപ്പെടുവിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലുമൊക്കെ വൃക്കയ്ക്ക് പങ്കുണ്ട്. എങ്കിലും നമ്മൾ പൊതുജനങ്ങൾ കൂടുതലും വൃക്കയെ കാണുന്നത് വേസ്റ്റ് കളയാനും പിന്നെ ട്രാൻസ്പ്ലാന്റ് ചെയ്യാനുമുള്ള ഒരു അവയവമായാണ്.

നൈട്രോജീനസ് വേസ്റ്റുകൾ - അതിൽ രണ്ടാണു യൂറിയയും ക്രിയാറ്റിനിനും - വൃക്കയുടെ പ്രവർത്തനം ശരിയല്ലെങ്കിൽ ശരീരത്തിൽ അടിഞ്ഞൂകൂടാം. അത് കണ്ടെത്താനാണ് RFT. രക്തത്തിലെ യൂറിയയുടെയും ക്രിയാറ്റിനിന്റെയും അളവ് അറിഞ്ഞ് വൃക്കയുടെ പ്രവർത്തനം മന്ദഗതിയിലാണോ അല്ലയോ എന്ന് അറിയേണ്ടതിന്റെ ആവശ്യവും കരളിന്റെ കാര്യത്തിലെന്നപോലെ പലതാണ്. കരളിന്റെ കഥയിൽ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും - മരുന്നുകളുടെ പ്രവർത്തനം ബാധിക്കൽ , ഡോസ് മോഡിഫൈ ചെയ്യൽ, ഒഴിവാക്കേണ്ട മരുന്നുകൾ തുടങ്ങി - വൃക്കയ്ക്കും ബാധകമാണ്.

മുൻപ് പറഞ്ഞ ആക്സിഡന്റിൽ രക്തനഷ്ടം അമിതമായാൽ അത് വൃക്കകളെയും മന്ദീഭവിപ്പിക്കാം. തുടർന്ന് മുന്നോട്ടുള്ള ദിവസങ്ങളിലെ ചികിൽസയുടെ രീതികളിൽ അത്തരത്തിലെ ഒരു മാറ്റം ഉണ്ടാക്കാവുന്ന മാറ്റങ്ങൾ ചെറുതല്ല. കൂടാതെ അപകടം കൊണ്ട് ഉണ്ടാകുന്ന വൃക്കയുടെ പ്രവർത്തനത്തിലെ വ്യതിയാനവും അതിനു മുൻപ് കാലങ്ങളായുണ്ടാകാവുന്ന വ്യതിയാനവും കൈകാര്യം ചെയ്യേണ്ടുന്ന രീതി വ്യത്യസ്തമാണ്. അതിന് ബേസ് ലൈനായുള്ള വൃക്കയുടെ പ്രവർത്തനം അറിയേണ്ടത് ആവശ്യവുമാണ്.

മനസിലായില്ലേ? ലിവർ - റീനൽ  ഫങ്ങ്ഷൻ ടെസ്റ്റുകൾ നടത്തുന്നത് മാറ്റി വയ്ക്കാൻ കൊള്ളാവുന്ന വൃക്കയാണോ എന്ന് അറിയാൻ വേണ്ടിയല്ല. അതിൽ ദുരൂഹത തോന്നേണ്ട കാര്യമില്ല. അതെക്കുറിച്ച് അറിവുള്ളവർക്ക് വളരെ സാധാരണമായ ഒന്നായിരുന്നു അതെന്ന് മനസിലാകുന്നതേയുള്ളൂ. ഇപ്പോൾ ഇത് വായിക്കുന്ന നിങ്ങൾക്കും....

അക്കൂട്ടത്തിലെ കുറച്ച് ടെസ്റ്റുകൾ കൂടി പറഞ്ഞ് അവസാനിപ്പിക്കാം

Grouping & Cross matching : വളരെ പ്രധാനമായ, എന്നാൽ വിശദീകരണം വേണ്ടാത്ത മറ്റൊരു ടെസ്റ്റ്. ബ്ലഡ് ഗ്രൂപ്പിങ്ങ് നടത്തുന്നതും നൽകേണ്ട രക്തം ക്രോസ് മാച്ച് ചെയ്ത് റിയാക്ഷൻ ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും എന്തിനാണെന്ന് പറയേണ്ടതുണ്ടോ?

PT-INR/APTT -Prothrombin time-International Normalised Ratio/ activated partial thromboplastin time : പ്ലേറ്റ്ലറ്റ് കുറഞ്ഞാൽ രക്തസ്രാവമുണ്ടാകാം എന്ന് നമ്മളിൽ പലരും മനസിലാക്കിയിട്ടുണ്ട്. അത് ശരിയുമാണ്. പക്ഷേ പ്ലേറ്റ്ലറ്റ് കുറയുന്നത് മാത്രമല്ല രക്തസ്രാവം ഉണ്ടാകാനുള്ള കാരണം. മറ്റ് ചില ഘടകങ്ങളും അതിനെ സ്വാധീനിക്കും. അതിൽ ചിലതിനെക്കുറിച്ച് അറിയാനുള്ള പരിശോധനയാണിത്.

 ശസ്ത്രക്രിയ - പ്രത്യേകിച്ച് അടിയന്തിരമായി വേണ്ടപ്പോൾ - ബ്ലീഡിങ്ങ് എത്രത്തോളമുണ്ടാകാം, എത്ര വേഗം കട്ടപിടിക്കും എന്നെല്ലാം മനസിലാക്കാനുള്ള ടെസ്റ്റുകൾ. കൂടുതൽ വിശദീകരണം ആവശ്യമില്ലെന്ന് കരുതുന്നു.

RBS : റാൻഡം ബ്ലഡ് ഷുഗർ. പ്രമേഹമുണ്ടോ എന്ന് അറിയാൻ മാത്രമല്ല. അബോധാവസ്ഥയിലായി വരുന്ന ആളുടെ ജീവൻ വരെ രക്ഷിക്കാനാവുന്ന ഒരു സിമ്പിൾ ടെസ്റ്റാണിത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്നുപോകുന്ന അവസ്ഥ കൂടുന്നതിനെക്കാൾ ഗുരുതരമാണ്. ഉടനടി ചികിൽസിക്കേണ്ടതും. ആക്സിഡന്റുണ്ടായവർക്ക് എന്ത് ഷുഗർ എന്ന് ചോദിക്കേണ്ട. ഷുഗർ താഴ്ന്ന് പരിസരവുമായുള്ള ബന്ധമറ്റ ആ നിമിഷത്തിലാണ് ആക്സിഡന്റുണ്ടായതെങ്കിലോ? അത് മാത്രമല്ല മുറിവുണങ്ങുന്നതിനെയും ഉയർന്ന ഗ്ലൂക്കോസ് അളവ് ബാധിക്കുമെന്ന് അറിയാമല്ലോ...

രണ്ടു ദിവസം മുന്നേ ഷുഗര്‍ നോക്കിയതാണ്, ഇന്ന് പിന്നെയും നോക്കുന്നത് എന്തിനു എന്നൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും അല്ല...നിമിഷവും മാറുന്നതാണ്. അത് കൂടുതലോ കുറവോ എന്നുള്ളത് രോഗിയുടെ ജീവനോളം തന്നെ വിലയുള്ള ഒരു സംഗതിയാണ്. നാല്‍പതു രൂപ ലാഭിക്കുമ്പോള്‍ ചിലപ്പോള്‍ നഷ്ടപ്പെടുന്നത് ജീവന്‍ ആയിരിക്കും. ഒരു ഡോക്ടറും ആ റിസ്ക്‌ എടുക്കാന്‍ തയ്യാറാകില്ല.

ELECTROLYTES : രക്തത്തിലെ ലവണങ്ങൾ, ഇവന്മാർ കൂടിയാലും കുറഞ്ഞാലും പ്രശ്നക്കാരാണ്. അളവുകൾ മാറുന്നതനുസരിച്ച് ഇടേണ്ട ഡ്രിപ്പ് തുടങ്ങി രോഗനിർണയം വരെ മാറിമറിഞ്ഞേക്കാം. അതുകൊണ്ട് ഇവരെയും എമർജൻസി സമയങ്ങളിൽ ഉള്ള പരിശോധനകളിൽ പെടുത്തുന്നു.

ഉദാഹരണം 2- HIV, HBsAg, Anti HCV : യഥാക്രമം എച്ച്. ഐ.വി, ഹെപ്പറ്റൈറ്റിസ് ബി , ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്കുള്ള ടെസ്റ്റുകൾ. ശസ്ത്രക്രിയയും എൻഡോസ്കോപ്പി പോലെയുള്ള പരിശോധനകളും ചെയ്യുന്നതിനു മുൻപ് സാധാരണമായി ചെയ്യിക്കുന്ന ടെസ്റ്റുകളാണി

നൂറു കണക്കിന് രോഗികളുമായി സമ്പർക്കത്തിൽ വരുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അതുകൊണ്ടുതന്നെ സമൂഹത്തെക്കാൾ പല മടങ്ങ് രോഗാണുക്കളുമായും അവർക്ക് സമ്പർക്കത്തിൽ ഏർപ്പെടേണ്ടിവരുന്നു.എന്നിട്ടും രോഗം ഉണ്ടാകാതെ അവർ എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് അറിഞ്ഞിരിക്കുന്നത് പൊതുജനത്തിനും മാതൃകയാക്കാവുന്നതാണ്. (അതും വലിയ ഒരു ടോപ്പിക് ആണ്. യൂണിവേഴ്സൽ പ്രിക്കോഷൻ, സെപ്റ്റിക് റൂം, ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് എല്ലാം ഉൾപ്പെടുന്ന ടോപ്പിക്). ചികിൽസ പരിമിതമായ ചില രോഗങ്ങൾ വരാതിരിക്കാനുള്ള മുൻ കരുതൽ അവർ സ്വീകരിക്കുന്നുണ്ട്.

രോഗിയോടുള്ള വിശ്വാസക്കുറവോ സംശയമോ ഒന്നുമല്ല ഈ മൂന്ന് അക്ഷരങ്ങളുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ചേതോവികാരം. .പൊതു സമൂഹത്തിൽ സ്റ്റിഗ്മ ഉള്ള രോഗങ്ങളെപ്പോലും ചികിൽസിക്കാതെയോ അതുള്ളവരെ പരിചരിക്കാതെയോ ആരോഗ്യപ്രവർത്തകർ മാറ്റിനിർത്താറില്ല. പക്ഷേ രോഗം തങ്ങളിലേക്കും മറ്റുള്ളവരിലേക്കും പകരാതിരിക്കാൻ അവർ ശ്രദ്ധിക്കാറുണ്ട്. സാധാരണയായി ശസ്ത്രക്രിയകൾ, പ്രസവങ്ങൾ, എൻഡോസ്കോപ്പി,കൊളോണോസ്കോപ്പി പോലെയുള്ള പ്രൊസീജിയറുകൾ തുടങ്ങിയവ ചെയ്യുന്നതിനു മുൻപ് ഈ പരിശോധനകൾ ചെയ്യിക്കുന്നതിന്റെ ഒരു കാരണം അതാണ്. രണ്ടാമത്തെ കാരണം മുൻ കരുതലുകൾ എടുത്തിരുന്നാൽ പോലും ഏതെങ്കിലും കാരണവശാൽ രോഗാണു ശരീരത്തിൽ പ്രവേശിച്ചെന്ന് (സൂചി കൊണ്ടുള്ള കുത്ത് പോലെ) സംശയമുണ്ടായാൽ ശരിയായ ചികിൽസ ഏറ്റവും നേരത്തെ സ്വീകരിക്കാൻ അത് സഹായിക്കും.

അത് കൂടാതെ പകര്‍ച്ചവ്യാധികള്‍ മുന്‍കൂട്ടി കണ്ടു പിടിക്കാതെ പോയാൽ തുടര്‍ന്ന് അതേ ഉപകരണം ഉപയോഗിച്ച് സര്‍ജറി നടത്തേണ്ട രോഗികള്‍ക്ക്‌ ജീവന് ഭീഷണിയാണ്. അത് ഒഴിവാക്കാൻ കൂടി സ്ക്രീനിങ്ങ് ടെസ്റ്റുകൾ ഉപകരിക്കും.ഇവ സ്ക്രീനിങ്ങ് ടെസ്റ്റുകളായാണ് ഉപയോഗിക്കുന്നത്. രോഗമുണ്ടെന്ന് ഉറപ്പാക്കാനുള്ള കൺഫർമേഷൻ ടെസ്റ്റുകൾ വേറെയുണ്ട്. സ്ക്രീനിങ്ങ് ടെസ്റ്റുകളുടെ ഉദ്ദേശം രോഗമുള്ളവർ പരമാവധി ആളുകളെ കണ്ടെത്തുക എന്നതാണ്. അതുകൊണ്ട് രോഗമില്ലാത്ത ചിലർ ഇതിൽ കടന്നുകൂടാനിടയുണ്ട് (ഫാൾസ് പോസിറ്റീവ്) അത്തരക്കാരെ ഒഴിവാക്കാനാണ് കൺഫർമേഷൻ ടെസ്റ്റുകൾ..

എയിഡ്സിന്റെ ടെസ്റ്റുകളെക്കുറിച്ച് വിശദമായി പിന്നീടെഴുതാം

ഉപസംഹാരം

ആ ആറോ ഏഴോ വാക്കുകളെക്കുറിച്ച് വളരെ ചുരുക്കിപ്പറഞ്ഞാൽ ഇത്രയുമാണ്.ഇതുതന്നെ അപൂർണവുമാണ് സാഹചര്യങ്ങളനുസരിച്ച് മറ്റ് സ്പെസിഫിക് ടെസ്റ്റുകളും വേണ്ടിവന്നേക്കാം...കൂടാതെ വിവിധ രോഗങ്ങളുടെ നിർണയത്തിനായി ഒട്ടനവധി രക്തപരിശോധനകൾ വേറെയുമുണ്ട്. മലം , മൂത്രം, കഫം തുടങ്ങിയവ പരിശോധിച്ചും വിലപ്പെട്ട വിവരങ്ങൾ നമുക്ക് നേടാനാകും. അപകടങ്ങളിലും മറ്റ് രോഗാവസ്ഥകളിലും ശരീരത്തിനുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിവരം നൽകുന്ന പ്രധാന പരിശോധനാ ഉപാധികളാണ് വിവിധ തരം സ്കാനുകളും എക്സ് റേയും. അവയെക്കുറിച്ച് വിസ്താരഭയം മൂലം പ്രതിപാദിക്കുന്നില്ല.

ഒരു രക്തപരിശോധനയും സ്വയം രോഗനിര്‍ണയത്തിനായി ഉപയോഗിക്കരുത്. ഇവയില്‍ ഓരോന്നും ഡോക്ടര്‍ രോഗിയെ ശരീരപരിശോധന നടത്തി ഉറപ്പിച്ചാല്‍ മാത്രമേ ചികിത്സക്ക് യോഗ്യമായ രോഗമായി കണക്കാനാവൂ. ലാബുകള്‍ക്ക് തെറ്റ് പറ്റുന്നത് അപൂര്‍വ്വമല്ല.

എമർജൻസികളിൽ പൊതുവായി ചെയ്യുന്നവയിൽ ചിലത് മാത്രമേ ചെറിയ രീതിയിലെങ്കിലും ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ. 

ടെസ്റ്റുകള്‍ അനാവശ്യമായി എഴുതുന്നവയാണോ?

ചിലപ്പോഴെങ്കിലും ടെസ്റ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടാവാം,അതൊരു ന്യൂനപക്ഷം ആണെങ്കില്‍ കൂടിയും. ഒരു പരിശോധന ആവശ്യത്തിനാണോ അനാവശ്യത്തിനാണോ ചെയ്യുന്നതെന്ന് ചോദിച്ചാൽ കണ്ടെത്താൻ പ്രയാസമാണ്. അത് പോലെ ഒരു ഡോക്ടര്‍ ഒരു പ്രത്യേക ലാബില്‍ നിന്ന് ടെസ്റ്റ്‌ ചെയ്യണം എന്ന് പറയുന്നത് കമ്മീഷന്‍ പറ്റാന്‍ ആണെന്ന് സംശയിക്കുന്നത് എല്ലായെപ്പോഴും ശരിയാകണമെന്നില്ല. നിലവാരമില്ലാത്ത ലാബുകളും നിലവാരമില്ലാത്ത ടെക്നീഷ്യന്മാരും സർവസാധാരണമാണെന്നിരിക്കെ ചില ഡോക്ടർമാരെങ്കിലും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാകാം അങ്ങനെ പറയുന്നത്.

എല്ലാവരെയും കള്ളനാണയങ്ങളാക്കി കണക്കാക്കി വ്യാജ വൈദ്യന്മാർക്ക് തല വച്ച് കൊടുത്ത് ആത്മഹത്യാപരമായ നീക്കം നടത്തുന്നതിനെക്കാൾ മറ്റൊരു വിദഗ്ധന്റെ അഭിപ്രായം തേടുകയാവും ഉചിതം. അതാണ് പ്രായോഗികവും. സംശയങ്ങൾ ചോദിക്കുന്നത് തെറ്റല്ല. അത് നിങ്ങളുടെ അവകാശവും ആവശ്യവുമാണ്. 

അനുയോജ്യമായ ചികിൽസ ലഭിക്കാൻ രോഗിയും ചികിൽസകനും രോഗിയെ ശുശ്രൂഷിക്കുന്നയാളും ഒന്നായി ശ്രമിച്ചാലേ കഴിയൂ...അപ്പൊഴേ സുഖം പ്രാപിക്കൽ വേഗമാകൂ.

നന്ദിയുടെ നറുമലരുകൾ

ഈ കുറിപ്പ് തയാറാക്കാൻ ഡോ.ഷിമ്ന അസീസ് ഇതേ വിഷയത്തിൽ തയ്യാറാക്കിയ കുറിപ്പും സഹായകമായിട്ടുണ്ട്. കൂടാതെ ആരോഗ്യത്തെ സംബന്ധിച്ച് ആധികാരികമായ വിവരങ്ങൾ പൊതുസമൂഹത്തിനു ലഭിക്കാൻ പ്രയത്നിക്കുന്ന ഇൻഫോ ക്ലിനിക് പേജിലെ ഡോക്റ്റർമാരുടെ സഹായവും ലഭിച്ചിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :